
four-week winter break in schools;യുഎഇയിലെ എല്ലാ സ്കൂളുകള്‍ക്കും നാലാഴ്ചത്തെ വിന്റര്‍ അവധി ലഭിക്കില്ല; കാരണമിത്
four-week winter break in schools: ദുബൈ: രാജ്യത്തെ പൊതു, സ്വകാര്യ സ്കൂളുകള്‍ക്കായി യുഎഇ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഏകീകൃത കലണ്ടറില്‍ നാലാഴ്ചത്തെ വിന്റര്‍ അവധിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ നാലാഴ്ച ഈ അവധി രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കാനിടയില്ലെന്ന് പ്രമുഖ യുഎഇ മാധ്യമമായ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഏകീകൃത അക്കാദമിക് കലണ്ടര്‍ പ്രകാരം 2025 ഡിസംബര്‍ 8 മുതല്‍ 2026 ജനുവരി 4 വരെയാണ് വിന്റര്‍ അവധി. മിക്ക സ്കൂളുകളും മൂന്നാഴ്ചയാണ് വിന്റര്‍ അവധി നല്‍കിയിരുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഏകീകൃത തലണ്ടര് പിന്തുടരുന്ന സ്കൂളുകള്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു.
‘സ്കൂളുകള്‍ വിന്റര്‍ അവധിയായി നാലാഴ്ചത്തെ ലീവ് അനുവദിക്കണമെന്ന നിര്‍ദേശം സ്വാഗതാര്‍ഹമായ മാറ്റമാണ്. ക്ലാസ് മുറിക്ക് പുറത്തുള്ള അനുഭവങ്ങള്‍ വീണ്ടും ഊര്‍ജസ്വലമാക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അനിവാര്യമാണ്,’ ദുബൈയിലെ യുകെ കരിക്കുലം പിന്തുടരുന്ന പ്രിസ്റ്റൈന്‍ പ്രൈവറ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷഗുഫ കിദ്വായ് പറഞ്ഞു.
കുടുംബങ്ങള്‍ക്ക് ഒരുമിച്ച് അവധിക്കാലം ആസൂത്രണം ചെയ്യാന്‍ ഈ അവസരം ഉപയോഗിക്കാമെന്നും അതേസമയം പ്രായം കുറഞ്ഞ വിദ്യര്‍ത്ഥികള്‍ ഒട്ട്ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ സമയം ചിലവഴിക്കണമെന്നും അവര്‍ പറഞ്ഞു.
ഞങ്ങളുടെ സ്കൂളിലെ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ സമയം പഠിക്കാനും അസൈന്മെന്റുകള് പൂര്‍ത്തിയാക്കാന്‍ ഉപയോഗിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നിരുന്നാലും ഇന്ത്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന ദുബൈയിലെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാലാഴ്ചത്തെ അവധി ലഭിക്കില്ല.
‘പുതിയ ഏകീകൃത കലണ്ടറില്‍ വിവരിച്ചിരിക്കുന്ന 4 ആഴ്ചത്തെ വിന്റര്‍ അവധി ഇന്ത്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന ഞങ്ങളുടെ സ്കൂളിന് ബാധകമല്ല,’ സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ദുബൈയിലെ സ്പ്രിംഗ്ഡെയ്ല്‍സ് സ്കൂളിന്റെ മാനേജിംഗ് ഡയറക്ടര്‍ സുബൈര്‍ അഹമ്മദ് പറഞ്ഞു.
‘ഞങ്ങളുടെ വിദ്യാഭ്യാസ ബോര്‍ഡുകളുടെയും മുന്‍ ഷെഡ്യൂളുകളുടെയും അടിസ്ഥാനത്തില്‍ അക്കാദമിക് കലണ്ടര്‍ പിന്തുടരുന്നത് ഞങ്ങള്‍ തുടരും. മിഡ്ടേം പ്ലാനിംഗ് (MTP) ഉള്‍പ്പെടെയുള്ള ഞങ്ങളുടെ നിലവിലുള്ള പദ്ധതികള്‍ പഴയ കലണ്ടര്‍ അനുസരിച്ചുള്ളതാണ്. ഇത് ഞങ്ങളെപ്പോലുള്ള ഇന്ത്യന്‍ സ്കൂളുകളുടെ അക്കാദമിക് കലണ്ടറും പഠന ഫലങ്ങളും തടസ്സപ്പെടുകയോ വൈകുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)