
വെള്ളിയാഴ്ച ജുമുഅ പ്രാർത്ഥനാ സമയം: ഖത്തറിലെ കടകൾ അടച്ചിടണമെന്ന് പുതിയ നിയമം; ഇളവുള്ള സ്ഥാപനങ്ങൾ ഏതൊക്കെ?
ദോഹ: ഖത്തറിലെ വാണിജ്യ, വ്യാവസായിക, പൊതു സ്ഥാപനങ്ങളുടെ പ്രവർത്തനസമയം സംബന്ധിച്ച് വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനി പുതിയ നിയമം പുറപ്പെടുവിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പുതിയ നിയമപ്രകാരം, വെള്ളിയാഴ്ച ജുമുഅ പ്രാർത്ഥന സമയത്ത് എല്ലാ സ്ഥാപനങ്ങളും നിർബന്ധമായും ഒന്നര മണിക്കൂർ അടച്ചിടണം.
പുതിയ നിയമത്തിലെ ആർട്ടിക്കിൾ (2) അനുസരിച്ച്, ആദ്യത്തെ ബാങ്ക് വിളി മുതൽ ഒന്നര മണിക്കൂർ നേരത്തേക്കാണ് കടകളും മറ്റ് സ്ഥാപനങ്ങളും അടച്ചിടേണ്ടത്.
അതേസമയം, നിയമത്തിലെ ആർട്ടിക്കിൾ (1) പ്രകാരം, സാധാരണ ദിവസങ്ങളിൽ സ്ഥാപനങ്ങൾക്ക് അവരുടെ പ്രവർത്തന സമയം സ്വന്തമായി തീരുമാനിക്കാനും ദിവസം മുഴുവൻ തുറന്നുപ്രവർത്തിക്കാനും അനുമതിയുണ്ട്. എന്നാൽ, പൊതുതാൽപ്പര്യം കണക്കിലെടുത്ത് പ്രത്യേക സ്ഥാപനങ്ങൾക്ക് നിശ്ചിത പ്രവർത്തന സമയം ഏർപ്പെടുത്താൻ മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും.
നിയമത്തിൽ നിന്ന് ഇളവുള്ള 12 മേഖലകൾ
വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്ത് അടച്ചിടണമെന്ന നിബന്ധനയിൽ നിന്ന് താഴെ പറയുന്ന 12 മേഖലകളിലെ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്:
- ഫാർമസികൾ
- ഹോട്ടലുകളും താമസ സൗകര്യങ്ങളും
- ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകൾ
- പെട്രോൾ പമ്പുകൾ (ഫ്യൂവൽ സ്റ്റേഷനുകൾ)
- തുറമുഖങ്ങളിലെ (വിമാനത്താവളം, കര, കടൽ) വാണിജ്യ സ്ഥാപനങ്ങൾ
- ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ
- വൈദ്യുതി, ജലവൈദ്യുത ഉത്പാദന കേന്ദ്രങ്ങൾ
- ബേക്കറികൾ
- എയർലൈൻ ഓഫീസുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ
- ഷിഫ്റ്റ് സമ്പ്രദായത്തിൽ തുടർച്ചയായി പ്രവർത്തിക്കുന്ന ബിസിനസുകൾ
- യാത്രാ-ചരക്ക് ഗതാഗതം (കര, കടൽ, വ്യോമം)
- ബന്ധപ്പെട്ട അതോറിറ്റി പൊതുതാൽപ്പര്യാർത്ഥം നിശ്ചയിക്കുന്ന മറ്റേതെങ്കിലും പ്രവർത്തനങ്ങൾ
ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേദിവസം മുതൽ പ്രാബല്യത്തിൽ വരുമെന്നും നിയമം വ്യക്തമാക്കുന്നു. ബന്ധപ്പെട്ട എല്ലാ അധികാരികളും നിയമം നടപ്പിലാക്കണമെന്നും നിർദ്ദേശമുണ്ട്.
Comments (0)