
റോഡപകടങ്ങളുടെ പ്രധാന കാരണം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ പോക്കറ്റ് കാലിയാകും, 500 റിയാൽ പിഴ ചുമത്തുമെന്ന് ഖത്തർ
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 500 റിയാൽ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പിടിക്കപ്പെട്ടാൽ ചുമത്തപ്പെടുന്ന പിഴകൾക്ക് ഒരു ഇളവും ലഭിക്കുകയുമില്ലെന്നും മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
വാഹനം ഓടിച്ചുകൊണ്ടിരിക്കെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഖത്തറിലെ റോഡപകടങ്ങളുടെ ഒരു പ്രധാന കാരണമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും, മറ്റുള്ളവരുടെയും കൂടി ജീവൻ അപകടത്തിലാക്കരുതെന്നും ആഭ്യന്തര മന്ത്രാലയം എക്സ് പോസ്റ്റിൽ പറഞ്ഞു.
മൊബൈൽ ഫോൺ ഉപയോഗത്തെത്തുടർന്നുള്ള അശ്രദ്ധമായ ഡ്രൈവിംഗാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഡ്രൈവിംഗിനിടെ വാഹനങ്ങൾക്കുള്ളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധ വ്യതിചലിപ്പിക്കുകയും അത് അപകടത്തിന് കാരണമാകുകയും ചെയ്യുന്നു. മൊബൈൽ ഫോൺ ഉപയോഗം മാത്രമല്ല, വാഹനത്തിനുള്ളിൽ മോണിറ്റർ സ്ക്രീനിൽ ദൃശ്യങ്ങൾ കണ്ടുകൊണ്ട് ഡ്രൈവ് ചെയ്യുന്നതും നിയമലംഘനമാണെന്നും 500 റിയാൽ പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക, അമിതവേഗത എന്നിവ അടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഏകീകൃത റഡാർ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
Comments (0)