
വെള്ളിയാഴ്ച കടകൾ അടക്കാത്തവർക്ക് കനത്ത പിഴ; നിയമം കർശനമാക്കിയെന്ന് അധികൃതർ
നിയമം തമാശയല്ല; വെള്ളിയാഴ്ച കടയടക്കാത്തവരെ കാത്തിരിക്കുന്നത് കനത്ത പിഴയും ലൈസൻസ് റദ്ദാക്കലും
ദോഹ: വെള്ളിയാഴ്ച ജുമുഅ പ്രാർത്ഥനാ സമയത്ത് കടകൾ അടച്ചിടണമെന്ന പുതിയ നിയമം ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് പതിനായിരം ഖത്തർ റിയാൽ വരെ പിഴയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളും നേരിടേണ്ടി വരുമെന്ന് നിയമവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനി പുറപ്പെടുവിച്ച 2025-ലെ 80-ാം നമ്പർ തീരുമാനപ്രകാരമാണ് ഈ നിയന്ത്രണം. നിയമമനുസരിച്ച്, എല്ലാ വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങളും വെള്ളിയാഴ്ചകളിലെ ആദ്യത്തെ ബാങ്ക് വിളി മുതൽ ഒന്നര മണിക്കൂർ നേരത്തേക്ക് പൂർണ്ണമായി അടച്ചിട്ട് വ്യാപാര പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ബാധ്യസ്ഥരാണ്.
മുനിസിപ്പാലിറ്റി, വാണിജ്യ-വ്യവസായ മന്ത്രാലയങ്ങളിലെ നിയമപാലക ഉദ്യോഗസ്ഥർ രാജ്യത്തുടനീളം പരിശോധനകൾ നടത്തുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ തുടർനടപടികൾക്കായി കോടതിക്ക് കൈമാറുമെന്നും നിയമവിദഗ്ദ്ധനായ സെയ്ഫ് അൽ മുറാദി വിശദീകരിച്ചു.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കോടതിക്ക് 10,000 ഖത്തർ റിയാൽ വരെ പിഴ ചുമത്താൻ അധികാരമുണ്ട്. നിയമലംഘനം ഗുരുതരമാണെങ്കിലോ ആവർത്തിക്കുകയാണെങ്കിലോ സ്ഥാപനത്തിന്റെ വ്യാപാര ലൈസൻസ് റദ്ദാക്കാൻ വരെ കോടതിക്ക് ഉത്തരവിടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാർമസികൾ, പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെ 12 അവശ്യ മേഖലകളെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കനത്ത പിഴയും നിയമനടപടികളും ഒഴിവാക്കാൻ എല്ലാ വ്യാപാരികളും നിയമം കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്.
Comments (0)